പക്ഷേ ഒരനുഭവസ്ഥ പറഞ്ഞിട്ട് പോലും നിങ്ങൾ മനസിലാക്കാതെ പോയ കാര്യങ്ങൾ ഇന്നിതാ ഒരു പുരുഷ ഡോക്ടറുടെ വാക്കിൽ നിന്ന് കേട്ടപ്പോൾ നമുക്ക് വളരെ വേഗം വ്യക്തമായി

ആർത്തവ വേദന ഹൃദയാഘാതത്തിനു തുല്യമാണെന്ന കണ്ടെത്തൽ സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു പുരുഷ ഡോക്ടറുടെ പഠനങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ പ്രത്യുല്പാദനാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ജോൺ ഗ്വിൽബൗട് ആണ് ആർത്തവകാലത്തെ സ്ത്രീകളുടെ വേദന ഹൃദയാഘാതത്തിന്റെ വേദനയോളംതന്നെ അസഹനീയമാണ് എന്ന് പഠനങ്ങൾ വഴി കണ്ടെത്തിയത്. ആർത്തവം അശുദ്ധവും പ്രശ്നവുമായി കണക്കാക്കപ്പെടുന്നൊരു കാലത്ത് ഇത്തരമൊരു പഠനത്തിന്റെ അനിവാര്യതയും സ്വീകാര്യതയും പ്രധാനമാണ്. ആർത്തവത്തെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് ഇത് വഴി വയ്ക്കും എന്ന പ്രതീക്ഷയുമുണ്ട്.

പക്ഷെ അങ്ങനെയൊക്കെയാവുമ്പോൾ പോലും എന്തുകൊണ്ടാണ് ഇത്രകാലവും സ്ത്രീകൾ ഇതേക്കുറിച്ചു പറഞ്ഞപ്പോഴൊന്നും ഇതേ സമൂഹം അത് കേൾക്കാൻ തയ്യാറാവാത്തത് എന്നൊരു ചോദ്യമുണ്ട്. മറുപടിയും അനിവാര്യമാണ്. ചർച്ച ചെയ്യേണ്ടത് അതിനെക്കുറിച്ചാണ്. എല്ലാ മേഖലയിൽ നിന്നുമുള്ള നിരവധി സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തോട് ഇതേക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുകയാണ്. എല്ലാ സ്ത്രീകളും എല്ലാ മാസവും ഒരേപോലെ അനുഭവിക്കുന്ന വേദനയാണ്. ഏതാണ്ട് ഒരേ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നതാണ്. പ്രത്യുല്പാദനത്തിന്റെയും മാതൃത്വത്തിന്റെയും സ്ത്രീ ലൈംഗികതയുടെയും എല്ലാം അടയാളമാണ് മാസത്തിലെ ആ ഏഴു ദിവസങ്ങൾ. ആർത്തവവേദനയെക്കുറിച്ചോ ആ ദിവസങ്ങളിലെ മനസികാസ്വാസ്ഥ്യങ്ങളെ കുറിച്ചോ രണ്ടാമതൊരാളോട് പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഓരോ സ്ത്രീയും അനുഭവിക്കുന്ന പ്രയാസം ആർത്തവമുണ്ടായ കാലംമുതൽക്ക് തന്നെ ആരംഭിച്ചതാവണം.

 

പക്ഷേ ഒരനുഭവസ്ഥ പറഞ്ഞിട്ട് പോലും നിങ്ങൾ മനസിലാക്കാതെ പോയ കാര്യങ്ങൾ ഇന്നിതാ ഒരു പുരുഷ ഡോക്ടറുടെ വാക്കിൽ നിന്ന് കേട്ടപ്പോൾ നമുക്ക്
അത് വളരെ വേഗം വ്യക്തമായി. നമ്മളത് ചർച്ചക്കെടുത്തു. എന്ത് കൊണ്ടാണ് അങ്ങനെ? ആർത്തവം അനുഭവിക്കാത്തൊരു പുരുഷന്റെ ആർത്തവത്തെ കുറിച്ചുള്ള പ്രസ്താവനകൾക്ക് എങ്ങനെയാണു ഇത്ര സ്വീകാര്യത ലഭിക്കുന്നത്? അതിനെങ്ങനെയാണ് “എനിക്ക് അസഹനീയമായി വേദനിക്കുന്നുണ്ട്” എന്ന ഒരു സ്ത്രീയുടെ വാക്കുകളേക്കാൾ ആധികാരികതയും വിശ്വാസ്യതയും ഉണ്ടാകുന്നത്? അനുഭവങ്ങൾ പോലും സ്വന്തമല്ലാതാവുക എന്ന അവസ്ഥ എത്രമാത്രം ഭീകരമാണ് എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. അത് പോലും ഏറ്റെടുക്കപ്പെടുമ്പോൾ ശബ്ദമുയർത്തേണ്ട കാര്യമില്ലെന്നു എങ്ങനെയാണു വിചാരിക്കാനാവുക. കുറച്ചു നാളുകൾക്കു മുമ്പ് ഒരു വിമെൻസ് കോളേജിൽ വച്ച് ആർത്തവത്തെ കുറിച്ച് ഒരു യുവാവ് പെൺകുട്ടികൾക്ക് ‘ക്ലാസ്’ എടുക്കുന്ന വീഡിയോ അന്ന് വലിയ ചർച്ചയായിരുന്നു. ഒരുപാട് പേർ അതുകേട്ടു. അയാളെ അനുമോദിച്ചു. ‘ഹോ!ഇങ്ങനെയൊക്കെയാണല്ലേ കാര്യങ്ങൾ’ എന്ന് ആശ്ചര്യപ്പെട്ടു. പക്ഷേ എത്രയോ കാലങ്ങളായി സ്ത്രീകൾ നിങ്ങളോട് പറയുന്ന അതേ കാര്യങ്ങളാണല്ലോ ഇതെന്ന് നിങ്ങളോർത്തില്ല. അനുഭവിച്ചവളുടെ വാക്കുകൾക്ക് യാതൊരു വിലയും നൽകിയതുമില്ല. പരസ്യമായി പാഡിനെ കുറിച്ച് സംസാരിക്കുന്ന സ്ത്രീകൾ നിങ്ങൾക്ക് മോശക്കാരായി. ആർത്തവം പതുക്കെ പറയേണ്ടുന്ന വാക്കും അശുദ്ധവുമായ സംഗതിയുമായി. അവരനുഭവിക്കുന്ന ആർത്തവകാലത്തെ അസ്വസ്ഥതകൾ നിങ്ങൾക്ക് വളരെ സാധാരണമായി.
ഒടുവിൽ അത് നിങ്ങൾക്ക് മനസിലാക്കാൻ ഒരു ആണ് പറയേണ്ടിവന്നു. അപ്പോൾ മാത്രമാണ് അതേക്കുറിച്ച് നിങ്ങൾക്ക് ബോധ്യപ്പെട്ടത്. ബാധിക്കപ്പെട്ടവളേക്കാൾ നിങ്ങൾക്ക് പ്രധാനം കാഴ്ചക്കാരന്റെ വാക്കുകളാണ്.
പ്രിയപ്പെട്ട സമൂഹമേ, ആർത്തവ ദിനങ്ങളിൽ ഞങ്ങൾ ശാരീരികവും മാനസികവുമായി അങ്ങേയറ്റം പ്രശ്നത്തിലായിപ്പോകാറുണ്ട്. നിർത്താതെ ഛർദ്ദിക്കാരും തല കറങ്ങി വീഴാറുമുണ്ട്.ചൂട് വെള്ളം നിറച്ച ഹോട്ട് ബാഗുകൾവയറ്റത്തും നടുവിലും മാറി മാറി വെക്കാറുണ്ട്. അകാരണമായി കരയാനും ദേഷ്യപ്പെടാനും തോന്നാറുണ്ട്. പാഡിന്റെ വശങ്ങൾ തുടയിലുരഞ്ഞു മുറിയാറുണ്ട്. നടക്കാൻ പറ്റാതെ വിഷമിക്കാറുണ്ട്. ഇതെല്ലാം എല്ലാ മാസവും ഞങ്ങൾ അനുഭവിക്കുന്നതാണ്. ഇതും കൊണ്ടാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിലൂടെ കടന്നു പോകാറ്. ഇത് തന്നെയാണ് ഇത്ര കാലമായി ഞങ്ങൾ പറയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു പരാജയപ്പെട്ടത്. എന്നിട്ടുമെന്തുകൊണ്ടാണ് ആർത്തവമില്ലാത്തഒരു പുരുഷന്റെ വാക്കുകൾ മാത്രം നിങ്ങൾ മുഖവിലക്കെടുക്കുന്നത്? ഇതൊക്കെ തന്നെയല്ലായിരുന്നോ ഞങ്ങളും പറഞ്ഞുകൊണ്ടിരുന്നത്…..
Story by Janaki Ravan periods pain heart attack

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *