പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നൂറ്റമ്പത് ഏക്കറിലധികം ഉണ്ടായിരുന്ന ഭൂമിയാണ് റിസോർട്ട് മാഫിയ പല ഘട്ടങ്ങളിലായി തട്ടിയെടുത്തിരിക്കുന്നത്.

ആദിവാസി മുതുവാൻ വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ ഭൂമി തട്ടിയെടുക്കാൻ ആസൂത്രിത നീക്കം. അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റിലെ വനവാകാശ നിയമ പ്രകാരം അനുവദിച്ച ഭൂമിയാണ് ഭൂ മാഫിയാ ആസൂത്രിത നീക്കത്തിലൂടെ തട്ടിയെടുത്തുകൊണ്ടിരിക്കുന്നത്. സർവ്വേ നമ്പർ 49 ലെ ബ്ലോക്ക് നാലിലെ രണ്ടര ഏക്കർ ഭൂമിയാണ് വനവാകാശ പ്രകാരം കുഞ്ഞമ്മ മൈക്കിൾന്റേതായുള്ളത്. എന്നാൽ ഏലിയാസ് കെഎം എന്നയാൾ ഇവരുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനെതിരെ കുഞ്ഞമ്മ മൈക്കിൾ ദേവികുളം കോടതിയിൽ ഏലിയാസിനെതിരെ കേസ് നൽകിയെങ്കിലും പലപ്പോഴും ഇവരെ സംഘം ചേർന്ന് ആക്രമിക്കാനുള്ള ശ്രമങ്ങളാണ് ഏലിയാസും സുഹൃത്തുക്കളും നടത്തിവരുന്നത്. അതേസമയം ഇന്ന് ഇരുപതോളം പേരടങ്ങുന്ന സംഘം വടിവാളും മറ്റായുധങ്ങളുമായി കുഞ്ഞുമ്മ മൈക്കിളിനെ ആക്രമിക്കാൻ ചെന്നിരുന്നു. തിങ്കളാഴ്ചയാണ് ഏലിയാസിനെതിരെ ഇവർ നൽകിയിരിക്കുന്ന കേസ് കോടതി പരിഗണിക്കുക. ഇതിൽ നിന്നും പിന്തിരിപ്പിക്കാനാണ് ഏലിയാസും സംഘവും വടിവാളും മാരകായുധങ്ങളുമായി ആദിവാസി സ്ത്രീയായ കുഞ്ഞുമ്മ മൈക്കിളിനെ ആക്രമിക്കാൻ മുതിർന്നത്. തിങ്കളാഴ്ച്ചയ്ക്ക് മുൻപ് ഏതെങ്കിലും തരത്തിലുള്ള ആക്രമണം തനിക്കു നേരെ ഉണ്ടാവുമെന്ന ഭീതിയിലാണ് നിലവിൽ കുഞ്ഞുമ്മ മൈക്കിൾ.

കുഞ്ഞുമ്മ മൈക്കിളിന് അവകാശപ്പെട്ട ഭൂമി ഏലിയാസ് കെഎം എന്ന വ്യക്തിയ്ക്ക് അടിമാലി പഞ്ചായത്ത് വനാവകാശ നിയമം അട്ടിമറിച്ച് കെട്ടിട നമ്പർ നൽകിയതിനെതിരെ ഇവർ നേരത്തെ അടിമാലി പഞ്ചായത്ത് സെക്രട്ടറിയ്ക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. ആദിവാസി ഗോത്രമഹാ സഭ നേതാവ് ഗീതാനന്ദൻ ഉൾപ്പടെയുള്ളവർ ആദിവാസികളുടെ ഭൂമി ഇടുക്കിയിലെ ഭൂ മാഫിയ തട്ടിയെടുക്കുന്നുവെന്ന് കാണിച്ച് സംസ്ഥാന ഗവർണ്ണർ മുഖ്യമന്ത്രി പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി തുടങ്ങി പഞ്ചായത്ത് അധികാരികൾക്ക് വരെ പരാതി നൽകിയിരുന്നുവെങ്കിലും നാളിതുവരെ യാതൊരു നടപടികളും അധികാരികൾ കൈക്കൊണ്ടിട്ടില്ല.

പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നൂറ്റമ്പത് ഏക്കറിലധികം ഉണ്ടായിരുന്ന ഭൂമിയാണ് റിസോർട്ട് മാഫിയ പല ഘട്ടങ്ങളിലായി തട്ടിയെടുത്തിരിക്കുന്നത്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതിനായി രാഷ്ട്രീയക്കാർ ഉൾപ്പടെ ഒത്താശ ചെയ്തിട്ടുണ്ടെന്ന് പട്ടിക വർഗ്ഗ കമ്മീഷൻ കണ്ടെത്തിയിട്ടും യാതൊരു നടപടികളും റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികാരികൾ സ്വീകരിച്ചിട്ടില്ല. ആദിവാസികളുടെ ഭൂമി പണവും മദ്യവും നൽകി ഭൂമാഫിയ കൃഷിക്കാണെന്ന വ്യാജേന പാട്ടത്തിന് എടുക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ആദിവാസികളെ ഇവിടെ നിന്ന് ഓടിച്ചു വിടുന്ന സ്ഥിതിയാണ് ഉള്ളതെന്നും പട്ടിക വർഗ്ഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. വനാവകാശ നിയമം 2006 പ്രകാരം സർക്കാർ ആദിവാസികൾക്ക് നൽകിയ ഭൂമി കൈമാറ്റം ചെയ്യാനോ വിൽക്കുവാനോ പാടില്ലാത്തതാണ്. ഭൂമാഫിയയുടെ ഭീഷണി മൂലം ഇവിടെയുള്ള മിക്ക ആദിവാസി കുടുംബങ്ങളും പരാതി പോലും നൽകാൻ മടിക്കുന്നുവെന്നതുൾപ്പടെ സംസ്ഥാന പട്ടിക വർഗ്ഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക് ലഭിച്ച ഭൂമി തട്ടിയെടുക്കാൻ ഭൂമാഫിയ ഇവ റവന്യൂ ഭൂമിയാണെന്ന് സിവിൽ കോടതിയെ ധരിപ്പിച്ച് കേസ് ഫയൽ ചെയ്യുകയും തുടര്‍ന്ന് സിവിൽ കോടതി നടപടി ക്രമങ്ങളിൽ ഹാജരാവുന്നതിൽ നിന്ന് ആദിവാസികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയുമാണ് ചെയ്യാറ്. ആദിവാസികൾക്ക് കേസിൽ ഹാജരാകുവാൻ കോടതി മുഖാന്തിരം അയക്കുന്ന നോട്ടീസ് ഭൂമാഫിയയുടെ ആളുകൾ കൈപ്പറ്റുകയും ഇതുമൂലം ആദിവാസികൾക്കു യഥാസമയം കോടതിയിൽ ഹാജരാവാൻ കഴിയാതെ പോകുകയുമാണ് സാധാരണ സംഭവിക്കുക. തുടർന്ന് കേസ് നടക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാത്തതിനാൽ ഭൂമാഫിയ ഇവർക്കനുകൂലമായ തരത്തിൽ വിധി നേടി എടുക്കുകയും തുടർന്ന് റവന്യൂ അധികാരികളെ ഇത്തരത്തിലുള്ള കോടതി ഉത്തരവ് കാണിച്ച് പട്ടയം സ്വന്തമാക്കുകയുമാണ് സാധാരണ ചെയ്യുക.

നേരത്തെ പൊന്നപ്പൻ ജർമ്മൻ എന്നയാളുടെയും മകളുടെയും ഭൂമി തട്ടിയെടുക്കാൻ ഭൂ മാഫിയ ഇവരുടെ വീട് തീയിട്ടു നശിപ്പിച്ചിരുന്നു. തുടർന്ന് ദുരൂഹ സാഹചര്യത്തിൽ പൊന്നപ്പൻ ജർമ്മൻ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ മരണത്തിനു പിന്നിൽ ഭൂ മാഫിയ ആണെന്നും ഇപ്പോൾ കുഞ്ഞമ്മ മൈക്കിളിനെ ആക്രമിക്കാൻ ശ്രമിക്കുന്നവരും ഇതേ ഭൂമാഫിയ തന്നെയാണെന്നാണ് ആദിവാസികൾ ഉൾപ്പടെയുള്ള നാട്ടുകാരുടെ നിഗമനം.
Story by Team NaradaadivasiLandstruggleM Geethananthankunjamma MichelShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *