ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ, ബൂം ചിക്ക വാ വാ തുടങ്ങിയ ആവേശോജ്ജ്വല പ്രയോഗങ്ങളുമായി നമ്മുടെ മനസ്സിലിടം നേടിയ പ്രിയപ്പെട്ട ഷൈജു ദാമോദരനുമായി നടത്തിയ അഭിമുഖം. കമന്ററിക്കാലത്തിനു മുൻപുള്ള തന്റെ ജീവിതത്തെപ്പറ്റിയും ടീമിനെപ്പറ്റിയും കാണികളെപ്പറ്റിയുമൊക്കെ ഷൈജു ദാമോദരൻ സംസാരിക്കുന്നു.

ഇന്റർവ്യൂ ആവശ്യപ്പെട്ട് ഷൈജു ചേട്ടനെ വിളിച്ചപ്പോൾ കലൂരുള്ള ഫ്‌ളാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ബസ്സ് പിടിച്ച് കലൂർ സ്റ്റേഡിയത്തിനു മുന്നിലുള്ള സ്റ്റോപ്പിലിറങ്ങി നടന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടന്നാണ് ഫ്‌ളാറ്റിലെത്തിയത്. ലിഫ്റ്റിൽ നിൽക്കുമ്പോൾ ഒരല്പം പരിഭ്രമം ഉണ്ടായിരുന്നു. കാണാമെന്നു സമ്മതിച്ച സമയത്തിന് അര മണിക്കൂർ വൈകിയാണ് ഞാൻ ചെല്ലുന്നത്. അര മണിക്കൂറാണ് എനിക്ക് പറഞ്ഞിരുന്ന സമയം. ഇനിയിപ്പോ സമയം കഴിഞ്ഞത് കൊണ്ട് ഇന്റർവ്യൂ തരില്ലെന്ന് പറയുമോ? ആധിയോടെ കോളിംഗ് ബെൽ അടിച്ചു. രണ്ടാമത്തെ ബെല്ലിൽ ഷൈജു ഏട്ടൻ തന്നെ വാതിൽ തുറന്നു. ഒതുങ്ങിയ ഒരു ഫ്‌ലാറ്റ്. ചുവരിൽ കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ ജഴ്‌സി ‘ചില്ലിട്ടു’ വെച്ചിരിക്കുന്നു. ഹാളിലെ സോഫയിൽ ഞാനിരുന്നു. ചായ വന്നു, ഒപ്പം രണ്ട് കപ്പ് കേക്കും.

 

കമന്ററി തുടങ്ങുന്നതിനു മുൻപുള്ള ഷൈജു ദാമോദരനെപ്പറ്റി ആളുകൾക്ക് വലിയ അറിവില്ല. ആ കാലം എങ്ങനെയായിരുന്നു?

കമന്ററി തുടങ്ങിയിട്ട് ഇപ്പോൾ നാല് വർഷമായി. ഇത് നാലാം സീസണാണ്. അതിനു മുൻപുള്ള ഇരുപത് വർഷമാണ് ഇതിനേക്കാൾ ഗൗരവമുള്ള ജോലി ഞാൻ ചെയ്തിരുന്നത്. ഇപ്പൊ ചെയ്യുന്നത് ഗൗരവമില്ലാത്ത ജോലി എന്ന അർത്ഥത്തിലല്ല. ഇപ്പോൾ ചെയ്യുന്ന ജോലിയാണ് മുൻപ് ചെയ്ത ജോലിയെക്കാൾ കൂടുതൽ പ്രശസ്തിയും വരുമാനവും ഒക്കെ നേടിത്തരുന്നത്. ഈ നാല് വർഷത്തിന് മുൻപുള്ള 20 വർഷങ്ങൾ, ശരിക്ക് പറഞ്ഞാൽ 1994 മുതൽ 2014 വരെയുള്ള കാലം, 20 വർഷം. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും നിർണായകമായ, ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. ആ ഇരുപത് വർഷമെന്നത് എന്റെ 23 വയസ്സിനും 43 വയസ്സിനുമിടയിലുള്ള സുവർണ കാലഘട്ടമാണ്. ആ കാലഘട്ടം മുഴുവൻ ഞാൻ പത്രപ്രവർത്തകനായിരുന്നു. മലയാളത്തിലെ ഒരു മുഖ്യധാരാ പത്രത്തിന്റെ മുതിർന്ന പത്ര പ്രവർത്തകനായിരുന്നു ഞാൻ. മംഗളം ടെലിവിഷനിൽ ഈ അടുത്ത കാലത്ത് കുറച്ചു നാൾ ജോലി ചെയ്തിരുന്നു. കമന്ററിയൊക്കെ തുടങ്ങിയതിനു ശേഷമാണ് മംഗളത്തിൽ വരുന്നത്. പക്ഷെ, മംഗളം ടെലിവിഷൻ ലോഞ്ച് ചെയ്ത അന്ന് മുതൽ ഞാൻ ജോലിക്ക് പോയിട്ടില്ല. ലോഞ്ചിങിന് മുൻപാണ് ഞാൻ ജോലി ചെയ്തത്. ഇവിടെ കൊച്ചി ബ്യുറോ ഫംഗ്‌ഷൻ ചെയ്ത് തുടങ്ങിയപ്പോൾ. അതിനു ശേഷം ഞാൻ പോയിട്ടില്ല. അത് വളരെ ചെറിയൊരു കാലഘട്ടമായിരുന്നു. 2016 ജൂൺ മുതൽ 2017 ഫെബ്രുവരി വരെ. അതിനിടയിൽ ഐഎസ്എൽ ഉണ്ട്. ശരിക്ക് പറഞ്ഞാൽ ഐഎസ്എല്ലിന്റെ മൂന്ന് മാസം കൂടി മാറ്റി നിർത്തിയാൽ അഞ്ചോ ആറോ മാസം മാത്രമേ അവിടെ പോയിട്ടുള്ളൂ. അതിനു മുൻപുള്ള 20 വർഷമാണ് ഞാൻ മാതൃഭൂമിയിൽ ഉണ്ടായിരുന്നത്. പറഞ്ഞല്ലോ, 1994 മുതൽ 2014 വരെ. മാതൃഭൂമിയുടെ കൊച്ചി ബ്യുറോയിൽ ലൈനറായി തുടങ്ങി. കൊച്ചി ബ്യുറോയിൽ തന്നെ സ്റ്റാഫ്‌ റിപ്പോർട്ടർ ആയി. മാതൃഭൂമി സ്പോർട്സ് മാസികയിൽ സബ് എഡിറ്ററായി. അവിടെ തന്നെ സീനിയർ സബ് എഡിറ്ററായി. പിന്നീട് കോഴിക്കോട് ഡെസ്കിൽ വർക്ക് ചെയ്തു. കോട്ടയം ഡെസ്കിൽ വർക്ക് ചെയ്തു. ആലപ്പുഴയിലും പാലക്കാട്ടും വർക്ക് ചെയ്തു. അതിൽ നാല് ഘട്ടങ്ങളിലായി ഏകദേശം 11 വർഷം ജോലി ചെയ്തത് എറണാകുളത്താണ്. എന്റെ സ്വന്തം നഗരം ഇതാണ്. ഏറ്റവുമൊടുവിൽ ഞാൻ കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ട്രാൻസ്ഫറായി. മാതൃഭൂമിയുടെ കോയമ്പത്തൂർ ലേഖകനായിരുന്നു, ഒരു രണ്ട് വർഷക്കാലം. കോയമ്പത്തൂർ ലേഖനായിരിക്കുമ്പോഴാണ് ഞാൻ മാതൃഭൂമി വിടുന്നത്. കമന്ററി പറയുന്ന ഷൈജു ദാമോദരനെ മാത്രമേ വാസ്തവത്തിൽ ഇപ്പൊ മലയാളികൾക്ക് അറിയൂ. മാതൃഭൂമിയിൽ ഡി ഷൈജുമോൻ എന്ന പേരിൽ എഴുതിയിരുന്ന എന്നെ അധികമാർക്കും അറിയില്ല.

 

2001 മുതൽ 2014 വരെയുള്ള കാലഘട്ടം മാത്രമെടുത്താൽ കേരളം പങ്കാളിയായ, കേരളം കളിച്ച പത്ത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പുകളും അന്ന് മാതൃഭൂമിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. അതൊരു റെക്കോർഡാണ്. പത്ത് സന്തോഷ് ട്രോഫി നേരിട്ട് കവർ ചെയ്ത ഇപ്പൊ സജീവ പത്രപ്രവർത്തനത്തിലുള്ള ആരും നിലവിലില്ല. മുംബൈ, മണിപ്പൂർ, കൊൽക്കത്ത, ഗുവാഹത്തി തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ പോയി. അതായത് സന്തോഷ് ട്രോഫിയുമായി ഞാൻ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. ഇപ്പോ ചെയ്യുന്നത് ഞാൻ അന്ന് ചെയ്തതിന്റെ അടിത്തറയിൽ നിന്ന് കൊണ്ടാണ്. 20 വർഷത്തെ പത്രപ്രവർത്തന കാലഘട്ടം തന്നെയാണ് എന്റെ അടിത്തറ. അത്ലറ്റിക്സ് മുതൽ ഡബ്ലിയുഡബ്ലിയുഎഫ് വരെ ഞാൻ കവർ ചെയ്തിട്ടുണ്ട്. അതൊരു വല്ലാത്ത എക്സ്പീരിയൻസും വല്ലാത്തൊരു ഭാഗ്യവും അവസരവുമൊക്കെയായിരുന്നു. കമന്ററിയിലേക്ക് ഒരു ദിവസം പെട്ടെന്ന് വന്നതൊന്നുമല്ല. 20 വർഷം സ്പോർട്സ് ലേഖകനായി വർക്ക് ചെയ്‌താൽ നമുക്ക് കിട്ടുന്ന പരിചയസമ്പത്താണ് എന്റെ ഭാഷയെക്കുറിച്ച് പരാമര്ശിക്കുമ്പോഴും ശൈലിയെക്കുറിച്ച് പരാമർശിക്കുമ്പോഴുമൊക്കെ എന്നെ സ്വാധീനിച്ചത്. കമന്ററിയിലെ റിസർച്ചിനെക്കുറിച്ച്, അതൊക്കെ എവിടുന്നു കിട്ടുന്നു എന്ന് പലരും ചോദിക്കാറുണ്ട്. ഉപയോഗിക്കുന്ന ഭാഷയും കൊടുക്കുന്ന ഇൻഫർമേഷനുമാണ് ആൾക്കാർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ഇതിനെ പുറകിൽ പത്രപ്രവർത്തനത്തിന്റെ ഒരു പശ്ചാത്തലമുണ്ട്. ഞാൻ നിലനിൽക്കുന്നത് ജേണലിസ്റ്റ് എന്ന ആ അടിത്തറയിലാണ്.
ശൈലിയെക്കുറിച്ച് പറഞ്ഞല്ലോ. ബൂംചിക്കാ വാവാ മൊമന്റ്, ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ എന്ന ആ ശൈലിയൊക്കെ കാണികളിലുണ്ടാക്കുന്ന ഒരാവേശമുണ്ട്. സ്പാനിഷ് കമന്ററിയൊക്കെപ്പോലെ. ശരിക്കും അത്തരം ശൈലികൾ തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?
അതൊന്നും ഒരു സ്ഥലത്തു നിന്ന് തെരഞ്ഞെടുത്തു എന്ന് പറയാൻ കഴിയില്ല. അതൊക്കെ പരിണമിച്ചു വന്നതാണ്. അത് ആരെയെങ്കിലും അനുകരിക്കാൻ ശ്രമിച്ചതോ ലാ ലീഗ കമന്ററിയിൽ നിന്നോ ലാറ്റിനമേരിക്കൻ ഫുട്ബോൾ കമന്ററിയിൽ നിന്നോ കടം കൊണ്ടതല്ല. അതൊക്കെ പരിണമിച്ചു വന്നതാണ്. യാദൃശ്ചികമായി വന്നു പെട്ടതാണ്. അതിനു വേണ്ടി മനഃപൂർവം ഗൃഹപാഠം നടത്തിയിട്ടൊന്നുമില്ല. അതൊക്കെ ഭാഗ്യവശാൽ സംഭവിച്ചു പോയതാണ്. പക്ഷെ, വേറൊരു കാര്യമുണ്ട്. മലയാളം കമന്ററി എന്ന് പറയുന്നത് പണ്ട്, ഏതാണ്ട് 25 , 30 വർഷങ്ങൾക്കു മുൻപ് റേഡിയോയിൽ കേട്ട് പഴകിയ ഒരു സംഗതിയാണ്. ഒരു വിദൂര ഓർമയാണത്. പുതിയ തലമുറക്ക് അതറിയില്ല. പഴയ തലമുറയിൽ പെട്ട ആളുകൾക്ക് ഇപ്പോഴും മലയാളം കമന്ററി കേട്ടതോർമയുണ്ടാവും. ടൈറ്റാനിയം കളിക്കുന്നതും കേരളാ പൊലീസ് കളിക്കുന്നതും കേരളം സന്തോഷ് ട്രോഫിയിൽ കളിക്കുന്നതുമൊക്കെ ഓർമയുണ്ടാവും. പഴയ കെഎസ്ആർടിസി പോലുള്ള ടീമുകൾ, കെൽട്രോൺ, എജിസി പോലുള്ള ടീമുകളുടെയൊക്കെ കളികൾ മലയാളം കമന്ററി കേട്ടവരാണ് പഴയ തലമുറ. പുതിയ തലമുറയ്ക്ക് അതൊന്നും മനസ്സിലാവില്ല. റേഡിയോ കമന്ററിയുടെ കാലത്ത് കളി അറിയാൻ മറ്റു മാർഗങ്ങളില്ല. അതിൽ ശ്രദ്ധിച്ചേ പറ്റൂ. കളി കാണുന്നില്ല, കേൾക്കുകയാണ്. റേഡിയോ കമന്ററിയുടെ സ്വാതന്ത്ര്യം വളരെ വിശാലമാണ്. റേഡിയോ കമന്ററിയിൽ ശ്രോതാക്കളും കളി പ്രേമികളും ശബ്ദം മാത്രമാണ് കേൾക്കുന്നത്. കമന്റേറ്ററിന് അയാളോട് എന്തും പറയാം. ടെലിവിഷൻ കമന്ററി വന്നപ്പോഴേക്കും അത് മാറി. ആളുകൾ ടെലിവിഷനിൽ കളി കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ കാഴ്ചയെയാണ് കമന്റേറ്റർ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ തെറ്റായ ഒരു കാര്യം അവരോട് പറയാൻ കഴിയില്ല. അവരുടെ കാഴ്ചയെ മറയ്ക്കാൻ കഴിയില്ലല്ലോ. അതിനനുസരിച്ചാണ് നമ്മൾ കമന്ററി പറയേണ്ടത്. ടിവിയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച നമുക്ക് സൃഷ്ടിക്കാൻ കഴിയില്ലല്ലോ. പണ്ടങ്ങനെയല്ല. റേഡിയോ കമന്ററിയിൽ കേള്വിക്കാരനു ദൃശ്യവത്കരിക്കാൻ കഴിയുന്ന എന്തും കമന്റേറ്ററിനു പറയാം. കമന്റേറ്റർ ഗോളാണെന്നു പറഞ്ഞാൽ അത് ഗോളാണ്. ഓഫ് സൈഡ് ആണെന്ന് പറഞ്ഞാൽ അത് ഓഫ് സൈഡാണ്. കേൾവിക്കാർ അത് വിശ്വസിക്കും. ടിവി കമന്ററിയിൽ ഓഫ് സൈഡ് അല്ലാത്തതിനെ ഓഫ് സൈഡ് എന്ന് പറഞ്ഞാൽ കമന്റേറ്റർ തെറ്റ് പറയുകയാണെന്ന് കാണികൾ പറയും. അത് കൊണ്ട് തന്നെ ടിവി കമന്ററിയാണ് ബുദ്ധിമുട്ടേറിയത്. പ്രേക്ഷകന്റെ കാഴ്ചയുടെ മുകളിലാണ് കമന്റേറ്ററുടെ വോയിസ് ഓവർ വരേണ്ടത്. ശൈലിയുടെ കാര്യം, നേരത്തെ പറഞ്ഞത് പോലെ താനേ രൂപപ്പെട്ടു വന്നതാണ്. ഇപ്പോ പലരും വാട്സാപ്പിലും യൂട്യൂബിലുമൊക്കെ ജൂനിയർ ഷൈജു ദാമോദരൻ കമന്ററി എന്നൊക്കെ പറഞ്ഞ് അനുകരിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. ടിവി പ്രോഗ്രാമുകളിലും പലരും അനുകരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഐഎസ്എൽ സീസണുകളിലെ കോമഡി പരിപാടികളിൽ ഏറ്റവും വലിയ വിഭവങ്ങളിലൊന്ന് ഞാനാണ്. ഇതൊക്കെ സംഭവിക്കുന്നത് അങ്ങനെ എനിക്കൊരു ശൈലി ഉള്ളത് കൊണ്ടാണ്. അത് ജനം ഏറ്റെടുത്തെങ്കിലും അതെന്റെ ഭാഗ്യമെന്നു കരുതുന്ന ഒരാളാണ് ഞാൻ. ബൂം ചിക്കാ വാവാ ഒരു പ്രയോഗമേ ആയിരുന്നില്ല. അത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ പറ്റിയ ഒരു അബദ്ധമായിരുന്നു. ഞങ്ങൾ കമന്റേറ്റർമാർക്ക് അറിയാത്ത ഒരു കാര്യമായിരുന്നു അത്. അതൊരു പ്രത്യേക ഉത്പന്നത്തിന്റെ പരസ്യവാചകമായിരുന്നു. മത്സരം സംപ്രേഷണം ചെയ്യാനായി കരാറെടുത്ത ചാനലുകാർ ഓരോ തവണ ബൗണ്ടറിയോ സിക്സറോ പോകുമ്പോൾ റീപ്ളേയുടെ സമയത്ത് ഇത് പറയണമെന്നാവശ്യപ്പെട്ടതാണ്. അതെന്താണ് എന്ന് കൃത്യമായി അവർ പറഞ്ഞിരുന്നില്ല. അത് കൊണ്ട് ഓരോ കമന്റേറ്ററും അവരവർക്ക് തോന്നുന്ന ഈണത്തിലും താളത്തിലും പറഞ്ഞു. പിന്നീടാണ് ഇതൊരു പരസ്യവാചകമാണെന്നറിഞ്ഞത്. അന്നത് പറഞ്ഞ രീതി കാരണം കമന്റേറ്റർക്കു പറ്റിയ അബദ്ധമായിരുന്നുവെന്നാണ് ആൾക്കാർ മനസ്സിലാക്കിയത്. ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ എന്നത് പക്ഷെ, എന്റെ സ്വന്തമാണ്. സോഷ്യൽ മീഡിയയിലൊക്കെ പലരും ചോദിക്കാറുണ്ട്, അടുത്ത മത്സരത്തിന് എന്താണ് പറയാൻ പോകുന്നതെന്ന്. ആ ഒരു താത്പര്യം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിയുന്നു എന്നത് വലിയ ഒരു കാര്യമാണ്. ടെലിവിഷൻ കമന്ററിയിൽ നിന്നും കൗതുകകരമായതോ ആവേശമുണ്ടാക്കുന്നതോ ആയ കാര്യങ്ങൾ കിട്ടിയില്ലെങ്കിൽ ആൾക്കാർ ചാനൽ മാറ്റും. അങ്ങനെ മാറിപ്പോകാതെ കാണികളെ പിടിച്ചു നിർത്താൻ കഴിയുന്ന ഒരു ഘടകമാണ് ഈ പറഞ്ഞ ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ. അതൊക്കെ ഞാൻ മനഃപൂർവം ശ്രമിക്കുന്നതാണ്. കാരണം, എന്തെങ്കിലും പ്രത്യേകതയുള്ള ചിലതൊക്കെ ആൾക്കാർക്ക് നൽകണം. പ്രത്യേകതകൾ സൃഷ്ടിക്കുക എന്നത് ശൈലിയായി പരിഗണിക്കാമെങ്കിൽ ഇതും ഒരു ശൈലിയാണ്.
ടീമിനെപ്പറ്റി എന്താണ് പറയാനുള്ളത്? ഇത്തവണ ഒരുപാട് യുവാക്കളടങ്ങിയ ടീമാണ് നമ്മുടേത്. കിസീത്തോയും പേക്കൂസനുമടക്കമുള്ള നല്ല യുവനിര നമുക്കുണ്ട്. എന്താണ് പറയാനുള്ളത്?
ഈ സീസണിലെന്നല്ല, മുൻപുള്ള സീസണുകളിലും കേരളാ ബ്ളാസ്റ്റേഴ്സ് ഒരു വലിയ താരനിരയുമായി കളിക്കാനിറങ്ങുന്ന ഒരു ടീമല്ല. മുൻപ് രണ്ട് തവണ ഫൈനൽ കളിച്ചപ്പോഴും വലിയ പേരുകാരൊന്നും ബ്ളാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്നില്ല. ഇയാൻ ഹ്യൂം ആദ്യ സീസണിൽ ഉണ്ടായിരുന്നു, ഇപ്പോ തിരികെ വന്നു. സാഞ്ചസ് വാട്ട്, അന്റോണിയോ ജർമൻ, ക്രിസ് ഡാഗ്നൽ പോലുള്ള കളിക്കാരൊന്നും വലിയ പ്രശസ്തരൊന്നും ആയിരുന്നില്ല. ഈ സീസണിൽ വിങ് ബാക്ക് ലാൽറുവത്താരയെപ്പറ്റിയൊന്നും ആരും ലേഖനങ്ങൾ എഴുതിക്കണ്ടില്ല. പക്ഷെ, അയാളൊക്കെ നല്ല കളിക്കാരനാണ്. ദീപേന്ദ്ര നേഗി, പ്രശാന്ത് തുടങ്ങിയവരടക്കമുള്ള നല്ല യുവതാരങ്ങളുണ്ട്. കളിച്ചു കളിച്ചാണല്ലോ ഇവരൊക്കെ നല്ല കളിക്കാരാവുന്നത്. ടീമിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും ബ്ളാസ്റ്റേഴ്‌സിന്റെ ആരാധകനെന്ന നിലയിൽ ഞാൻ സംതൃപ്തനാണ്. കാരണം, ആ ടീമിനെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി അവർ ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ശരിക്കും ടീമിൽ ബെർബെറ്റോവിന്റെ ആവശ്യമെന്തായിരുന്നു? ബ്ളാസ്റ്റേഴ്‌സിന്റെ മാർക്കറ്റിംഗ് തന്ത്രം മാത്രമാണോ ബെർബറ്റോവ്? മാർക്കറ്റിങ് തന്ത്രമായി മാത്രമാണ് ബെർബറ്റോവ് ടീമിലെത്തിയതെന്നു ഞാൻ വിശ്വസിക്കുന്നില്ല. കാരണം അദ്ദേഹത്തെ കരാർ ചെയ്തത് ഉയർന്ന തുകയ്ക്കാവും. അത് കൊണ്ട് തന്നെ പെട്ടെന്ന് ബെർബെറ്റോവിനെ മടക്കി അയക്കുക എന്നത് പ്രായോഗികമല്ല. ബെർബെറ്റോവിനെ ഈ സീസൺ മുഴുവൻ ടീമിൽ നിലനിർത്തിയേ പറ്റൂ.

ഐഎസ്എൽ ടീമുകളുടെ ഒരു പൊതു പ്രശ്നമുണ്ട്. മുൻ സീസണുകളിലെ ടീം ഏതാണ്ട് പൂർണമായും അഴിച്ചു പണിതാണ് മിക്ക ടീമുകളും മത്സരിക്കാനെത്തുന്നത്. ഒരു സീസണിനപ്പുറം ടീമിൽ നിലനിർത്തുന്ന കളിക്കാർ വളരെ ചുരുക്കമാണ്. ഓരോ സീസണിന്റെ തുടക്കത്തിലും കുറെ പുതിയ കളിക്കാരെ കരാർ ആക്കുകയും ഒന്നോ രണ്ടോ മാസത്തെ പ്രീ സീസൺ ട്രെയിനിംഗിന് ശേഷം കളിക്കാനിറങ്ങുകയും ചെയ്യുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇത് ശരിയായ രീതിയാണോ?
ഐഎസ്എല്ലിൽ എല്ലാ ടീമുകളും തുടരുന്ന ഒരു രീതിയാണത്. തീർച്ചയായും അതിനു മാറ്റം വരണം. മാറ്റം വരും. കാരണം, ഐഎസ്എൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ഐഎസ്എൽ കഴിഞ്ഞ വർഷത്തെ ഐഎസ്എൽ പോലെയല്ല. മൂന്നു മാസത്തെ ദൈർഘ്യമുണ്ടായിരുന്ന ടൂർണമെന്റ് ഇത്തവണ നാലര മാസം കൊണ്ടാണ് പൂർണമാകുന്നത്. വരും വർഷങ്ങളിൽ ഐലീഗുമായി ചേർന്ന് ഏഴു മാസമോ എട്ടു മാസമോ നീളുന്ന ഇന്ത്യയുടെ പ്രീമിയർ ലീഗായി മാറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ ഐഎസ്എൽ അതിന്റെ പൂർണരൂപത്തിലേക്ക് വളർച്ച പ്രാപിക്കുന്നതോടെ മേല്പറഞ്ഞ രീതിക്കും മാറ്റം വരും. ടീമുകൾ കളിക്കാരെ ദീർഘകാലാടിസ്ഥാനത്തിൽ, അതായത് രണ്ടോ മൂന്നോ വർഷക്കാലത്തേക്ക് കരാറാക്കുകയും ആ ടീമിനെ നിലനിർത്തുകയും ചെയ്യുന്ന രീതി ഉണ്ടാവും. ഈ വർഷം തന്നെ മാറ്റം വരും. ഈ വർഷം ഐഎസ്എൽ ചാമ്പ്യന്മാർ എഎഫ്‌സി ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. മുൻപൊക്കെ ഐലീഗ് ജേതാക്കൾക്കായിരുന്നു എഎഫ്‌സി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത ഉണ്ടായിരുന്നത്. ഇപ്പോൾ എഎഫ്‌സി ചാമ്പ്യൻഷിപ്പിൽ ഐലീഗ് ചാമ്പ്യന്മാരും എഎഫ്‌സി കപ്പിൽ ഐഎസ്എൽ ചാമ്പ്യന്മാരും മത്സരിക്കും. സ്വാഭാവികമായിട്ടും മത്സരങ്ങളുടെ ഒരു തുടർച്ച വന്നു കഴിഞ്ഞു. ഈ തുടർച്ച ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ് താൽക്കാലികാടിസ്ഥാനത്തിലുള്ള കളിക്കാർ ടീമുകളിൽ വന്നിരുന്നത്. അതിനൊക്കെ മാറ്റം വരും. ഐഎസ്എൽ കഴിയുമ്പോഴേക്കും സൂപ്പർ കപ്പ് തുടങ്ങും. ഐഎസ്എല്ലിലെ ആദ്യ ആറു ടീമുകളും ഐലീഗിലെ ആദ്യ ആറു ടീമുകളും തമ്മിലാണ് സൂപ്പർ കപ്പ് നടക്കുന്നത്. അത് കൊണ്ട് തന്നെ ഐഎസ്എൽ കഴിഞ്ഞാലും വീണ്ടും ഒരു മാസം കൂടി ടീമുകൾക്ക് ഇങ്ങനെ തുടരേണ്ടി വരും. അതിനു വേണ്ടി വേറെ കളിക്കാരെ എടുക്കാൻ പറ്റില്ലല്ലോ. ഐഎസ്എൽ ചാമ്പ്യന് എഎഫ്‌സി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം. ഇത് വരുന്ന ജൂണിലാണ് തുടങ്ങുക. അത് കൊണ്ട് തന്നെ മേല്പറഞ്ഞ പ്രവണതകൾക്ക് മാറ്റം വരും. ദീർഘകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളില്ലാതെ ഇനി ഐഎസ്എൽ ടീമുകൾക്ക് മുന്നോട്ടു പോകാനാവില്ല. അത് കൊണ്ട് തന്നെ ഇത് മാറും.
റെനെയുടെയും ഡേവിഡ് ജെയിംസിന്റെയും കോച്ചിംഗ് രീതികളെപ്പറ്റി? ടീമിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടോ?
റെനെയെക്കാൾ ടീമുമായി കുറച്ചു കൂടി ആശയവിനിമയമുള്ളയാൾ ഡേവിഡ് ജെയിംസ് ആണെന്ന് എനിക്ക് തോന്നുന്നു. കളി നടക്കുന്ന സമയത്തെ രണ്ടു പേരുടെയും ശരീരഭാഷകൾ തന്നെ അതിനുദാഹരണമാണ്. കൂടുതൽ ആശയവിനിമയം നടത്തുന്നതും അവരോട് കൂടുതൽ ഇടപഴകുന്നതും ഡേവിഡ് ജെയിംസ് ആണ്. ഫുട്ബോൾ എന്നാൽ ആശയവിനിമയമാണ്‌. കളിക്കാരുമായി ഏറ്റവും നന്നായി ആശയവിനിമയം നടത്താൻ കഴിയുന്ന ഒരാൾ തന്നെയാണ് ഏറ്റവും നല്ല കോച്ച്. അതിനയാൾക്ക് ലോകകപ്പ് കളിച്ച പരിചയമോ ലോകത്തിലെ ഏറ്റവും മികച്ച ടീമിൽ കളിച്ച പരിചയമോ ഒന്നും ആവശ്യമില്ല. കഴിഞ്ഞ കളിക്ക് ശേഷം വിനീത് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരഞ്ഞത് ഡേവിഡ് ജെയിംസിനെയാണ്. ഇംഗ്ളീഷുകാരനായ ഡേവിഡ് ജെയിംസും മലയാളിയായ വിനീതും തമ്മിൽ എന്ത് ബന്ധം. വിനീതിന്റെ അച്ഛന്റെ ജ്യേഷ്ഠൻ രണ്ടു ദിവസം മുൻപാണ് മരിച്ചത്. ആ സങ്കടത്തോടെയാണ് വിനീത് മത്സരം കളിച്ചത്. ആ സങ്കടം വിനീത് പങ്കു വെച്ചത് തന്റെ കോച്ചിനോടാണ്. ജനുവരിയിൽ വന്ന ഡേവിഡ് ജെയിംസ് ഒരു മാസം കൊണ്ട് കളിക്കാരിലുണ്ടാക്കിയ സ്വാധീനം അത്രത്തോളമുണ്ട്. കോച്ചും കളിക്കാരും തമ്മിലുള്ള മാനസിക ഐക്യമാണ് അവിടെ കണ്ടത്. പരസ്പരം ശരിയായ നിലയിൽ ആശയവിനിമയമുണ്ടാകുമ്പോൾ തന്നെ ഒരു പ്രൊഫഷണൽ ടീം സെറ്റാവും.
റെനെ ടീമിനെ പരിശീലിപ്പിച്ച രീതിയെ ഞാൻ കുറ്റം പറയില്ല. 18 മത്സരങ്ങളടങ്ങിയ സുദീർഘമായ ഒരു ലീഗാണിത്. ഏതു കോച്ചും ആദ്യ മത്സരങ്ങളിൽ അപകടരഹിതമായി കളിക്കാനേ ശ്രമിക്കൂ. ഓൾ ഔട്ട് അറ്റാക്കിങ് ഒന്നും ആദ്യ ഘട്ടങ്ങളിൽ പരീക്ഷിക്കില്ല. കാരണം 18 മത്സരങ്ങളുണ്ട്. അവസാനത്തെ മൂന്നോ നാലോ കളികൾ കൊണ്ട് തന്നെ സെമി സമവാക്യങ്ങൾ മാറിമറിയാം. ഇപ്പോ ബ്ളാസ്റ്റേഴ്സ് ആ ഒരു അവസ്ഥയിലാണ്. ഇനിയുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ചാലും നമുക്ക് സെമി കളിക്കാം. പറഞ്ഞു വന്നത്, റെനെയെ ശൈലിയുടെ കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. അദ്ദേഹം കൃത്യമായ ഒരു ശൈലി പിന്തുടർന്നു. ഡിഫൻസീവ് ശൈലിയായിരുന്നു. ജെയിംസ് വരുമ്പോഴേക്കും ജയിച്ചേ തീരൂ എന്ന അവസ്ഥയിലായിരുന്നു നമ്മൾ. അവിടെ ശൈലി മാറ്റാതെ പറ്റില്ല. കാരണം, അപ്പോഴേക്കും പകുതി മത്സരങ്ങൾ കഴിഞ്ഞിരുന്നു. അതു കൊണ്ട് കുറച്ചു കൂടി അറ്റാക്കിങ് ശൈലിയായ 4-3-3 ശൈലിയിലാണ് ഡേവിഡ് ജെയിംസ് ടീമിനെ ഒരുക്കിയത്. അതല്ലെങ്കിൽ 4-4-2 എന്ന ശൈലിയിൽ. നേരത്തെ 4-2-3-1 എന്ന ശൈലിയായിരുന്നു റെനെ സ്വീകരിച്ചത്. അത് ഡിഫൻസീവ് ശൈലിയായിരുന്നു. ഒരൊറ്റ സ്‌ട്രൈക്കറെ വെച്ചുള്ള ശൈലി. അത് സേഫ് ഗെയിം ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. പക്ഷെ, ആ ശൈലി കൊണ്ട് പ്രയോജനം കിട്ടാതെ വന്നപ്പോൾ അറ്റാക്കിംഗ് ശൈലിയിലേക്ക് മാറ്റേണ്ടിയിരുന്നു. ആ സമയത്തിന്റെ ആവശ്യകതയായിരുന്നു അത്. ഡേവിഡ് ജെയിംസിന് മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല.
സിഫ്‌നിയോസിന്റെ ക്ലബ് മാറ്റത്തെപ്പറ്റി എന്താണ് പറയാനുള്ളത്?
അതൊരു കളിക്കാരന്റെ സ്വാതന്ത്ര്യമാണ്. അയാൾ ഒരു പ്രൊഫഷണലാണ്. അയാളുടെ സ്വാതന്ത്ര്യമാണത്. അയാൾക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അതയാൾ വിനിയോഗിച്ചു.
പുതിയ സൈനിംഗുകളെപ്പറ്റി എന്താണ് പറയാനുള്ളത്?
പുൾഗ മുൻപ് ബ്ളാസ്റ്റേഴ്‌സിൽ കളിച്ച താരമാണ്. ഹ്യൂമിനെപ്പോലെ ബ്ളാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ അടുപ്പമുള്ള ഒരു കളിക്കാരനായിരുന്നു പുൾഗ. പക്ഷെ, കുറച്ചു കൂടി മുൻപ് വന്നിരുന്നെങ്കിലെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം ബ്ളാസ്റ്റേഴ്‌സിന്റെ മിഡ്ഫീൽഡിലാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ജനുവരിയിൽ കിസീത്തോയുടെ വരവോടെയാണ് പെട്ടെന്ന് ഗെയിം ചേഞ്ച് ആയത്. കിസീത്തോ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും അടുത്ത രണ്ടു കളിയിലും നമ്മൾ ജയിക്കുമെന്നുറപ്പിക്കാൻ കഴിഞ്ഞേനെ. അയാൾ പരിക്ക് പറ്റി പുറത്ത് പോയത് തിരിച്ചടിയാണ്.കിസീത്തോയ്ക്ക് പരിക്ക് പറ്റിയ സമയത്ത് പുൾഗ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ മിഡ്ഫീൽഡ് പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടേനെ. ബാൾഡ്വിൻസണും നല്ല കളിക്കാരനാണ്. കായികമായി കരുത്തുള്ള ആളാണ് ബാൾഡ്വിൻസൺ. ചെറുപ്പക്കാരനാണ്. ഐസ്ലാൻഡിൽ സജീവ ഫുട്‍ബോൾ കളിച്ചുകൊണ്ടിരുന്ന ആളാണ്. ഡേവിഡ് ജെയിംസുമായുള്ള ബന്ധമാണ് അയാളെ ഇവിടെയെത്തിച്ചത്. നല്ല വേഗതയും കരുത്തുമുള്ള ആളാണ് ബാൾഡ്വിൻസൺ. ഹ്യൂമിനെപ്പോലെ ഹൈബോളുകൾ അറ്റാക്ക് ചെയ്യുന്ന ഒരാളാവണം സ്‌ട്രൈക്കർ. എല്ലാ ബോളുകളും ട്രൈ ചെയ്യണം. വിജയിക്കാൻ പകുതി സാധ്യതയെ ഉള്ളുവെങ്കിലും പന്തിനു വേണ്ടി ശ്രമിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എതിർ ഡിഫന്റർമാർക്ക് ആത്മവിശ്വാസം വർധിക്കും. പക്ഷെ, ഏതു പന്തും വരുതിയിലാക്കാൻ ശ്രമിക്കുന്ന ഒരു ഫോർവേഡ് ഡിഫന്റർമാർക്ക് തലവേദനയാണ്. അവർക്ക് സമ്മർദം അധികരിക്കും. അതാണ് ഹ്യൂമിന്റെ പ്രത്യേകത. ഈ സവിശേഷത കൊണ്ട് ഗുണം കിട്ടുന്നത് ടീമിന് തന്നെയാണ്. സെക്കൻഡ് ബോള് എടുക്കാൻ സാധിക്കും. ഹ്യൂമിനെപ്പോലെ തന്നെ അറ്റാക്ക് ചെയ്യുന്ന ഒരു കളിക്കാരനാണ് ബാൾഡ്വിൻസൺ. തീർച്ചയായും അത് നമുക്ക് ഗുണം ചെയ്യും. പുൾഗയുടെ കാര്യമെടുക്കുകയാണെങ്കിലും അയാൾ കായികമായി ശക്തനായ ആളാണ്. കിസീത്തോയും പെക്കൂസനുമൊക്കെ കായിക ശേഷി കുറഞ്ഞവരാണ്. അതു കൊണ്ട് തന്നെ അക്കാര്യത്തിലും പുൾഗ ശക്തമായ സാന്നിധ്യമാകും. മിഡ്ഫീൽഡിൽ തീർച്ചയായും നമുക്ക് ആവശ്യമുള്ള ഒരാളാണ് പുൾഗ.
ഇപ്പോഴത്തെ ടീമിന്റെ കളി വെച്ച് നോക്കിയാൽ ബ്ളാസ്റ്റേഴ്സ് ഫൈനൽ കളിക്കുമോ?
ഞാൻ ബ്ളാസ്റ്റേഴ്‌സിന്റെ ഒരു കടുത്ത ആരാധകനാണ്. ബ്ളാസ്റ്റേഴ്സ് ഫൈനലിൽ കളിക്കുമെന്ന് തന്നെയാണ് ഞാൻ പറയുക. അതിന് വിശകലനങ്ങളുടെ ആവശ്യമൊന്നുമില്ല. സാങ്കേതികമായ കണക്കുകൾ വെച്ച് കൊണ്ട് സമർത്ഥിക്കുകയൊന്നും വേണ്ട. ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിക്കും. കാരണം കേരളാ ബ്ളാസ്റ്റേഴ്സ് നില നിൽക്കേണ്ടത് കേരളാ ഫുട്‍ബോളിന്റെ ആവശ്യമാണ്. ഐഎസ്എല്ലിനെ എത്രയൊക്കെ വിമർശിച്ചാലും അത് ഇന്ത്യയുടെ ഫുട്ബാൾ ഇടങ്ങളിൽ കൊണ്ടുവന്ന സ്വാധീനം തള്ളിക്കളയാൻ പറ്റില്ല. തങ്ങൾ ഐഎസ്എൽ കാണില്ലെന്നും അതിന് നിലവാരമില്ലെന്നും പറയുന്ന ആളുകളുണ്ട്. അതിനുള്ള മറുപടി വളരെ ലളിതമാണ്. ഞങ്ങളൊക്കെ ഇന്ത്യക്കാരാണ്. ഞങ്ങൾക്ക് സ്നേഹിക്കാനും സങ്കടപ്പെടാനുമൊക്കെയുള്ളത് ഈ ക്ലബാണ്. ടീം തോറ്റാൽ ഞങ്ങൾ സങ്കടപ്പെടും. അതിനൊക്കെ ഞങ്ങൾക്കുള്ളത് ഈ ടീമാണ്. എഫ്‌സി കൊച്ചിനു ശേഷം കേരളാ ഫുട്ബോളിനു സംഭവിച്ച ഏറ്റവും വലിയ അപചയം എന്നത് സ്വന്തമായി ഒരു ക്ലബ് ഇല്ലാതിരുന്നതാണ്. ബ്ളാസ്റ്റേഴ്‌സിൽ കളിക്കുന്നവർ പുറം നാട്ടുകാരനായേക്കാം, നോർത്ത് ഈസ്റ്റ് കളിക്കാരായേക്കാം. എന്തായാലും ഫുട്ബാൾ കേരളത്തിന്റെ ഒരു വികാരമാണ്. മലയാളിയെ ഇപ്പോഴും സ്വാധീനിക്കുന്ന ഒരു ഘടകം ഫുട്ബാൾ ആണ്. കേരളത്തിലെ യുവാക്കളെ എടുക്കുക. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് വൈകുന്നേരങ്ങളിൽ കേരളത്തിലെ വലിയൊരു സമൂഹത്തെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് ബ്ളാസ്റ്റേഴ്‌സിന്റെ വിജയം. കേരളത്തിൽ ഐഎസ്എൽ കാണുന്നതിൽ 70 ശതമാനം ആളുകൾ യുവാക്കളും വീട്ടമ്മമാരുമാണ്. പ്രൈം ടൈമിൽ, സീരിയലും റിയാലിറ്റി ഷോയുമൊക്കെ വിട്ട് അവർ ഐഎസ്എൽ കാണാനിരിക്കുന്നുവെങ്കിൽ അതിൽ പരം വിജയം മറ്റെന്താണ്. ഇതൊരു നിശബ്ദ വിപ്ലവമാണ്. പുതിയ ഒരു ഉണർവും പ്രതീക്ഷയുമൊക്കെ നൽകുന്നതിൽ ഈ ഫുട്‍ബോളിന്റെ പങ്ക് ചെറുതല്ല. അതാണ് കേരളത്തിന്റെ പൊതുസമൂഹം ചർച്ച ചെയ്യേണ്ടത്. നമുക്ക് സന്തോഷിക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ? വൈകുന്നേരങ്ങളിൽ ഇപ്പോൾ കേരളത്തിന്റെ പല ഇടങ്ങളിലും ചെറിയ ഫുട്‍ബോൾ ടൂർണമെന്റുകൾ നടക്കുന്നുണ്ട്. നേരത്തെ കളിക്കാനിറങ്ങാതിരുന്നവർ പോലും വെറുതെ ഒന്ന് പന്ത് തട്ടി നോക്കാനിറങ്ങുന്നു. അതൊക്കെ വലിയ കാര്യമാണ്. ഇതൊക്കെ പുറത്ത് നടക്കുന്ന ഒരു വിപ്ലവമാണ്. കേരളത്തിന്റെ മനസ്സ് എക്കാലത്തും ഒരു പ്രൊ ഫുട്‍ബോൾ മനസ്സാണ്. അത് മുരടിച്ചുപോയത് നമുക്ക് ടീമില്ലാതിരുന്നത് കൊണ്ടാണ്. പ്രീമിയർ ടയേഴ്‌സും കെഎസ്ആർടിസിയും ടൈറ്റാനിയവും കേരളാ പൊലീസുമൊക്കെ കളിച്ചിരുന്ന ഒരു സുവര്ണകാലഘട്ടമുണ്ടായിരുന്നു. അന്ന് സിനിമയേക്കാൾ ചർച്ച ചെയ്യപ്പെട്ടിരുന്നത് ഫുട്‍ബോൾ ആയിരുന്നു. പിന്നെ ഒന്നും സംഭവിക്കാതിരുന്ന ഒരു 30 വർഷമുണ്ടായിരുന്നു. അന്ന് ക്രിക്കറ്റ് മാത്രമായിരുന്നു ചർച്ച. കേരളത്തിന്റെ മനസ്സ് എപ്പോഴും ഫുട്ബോളിന് വേണ്ടി കൊതിച്ചിരുന്ന ഒന്നാണ്. അവരുടെ മുന്നിലേക്കാണ് ഐഎസ്എല്ലും കേരളാ ബ്ളാസ്റ്റേഴ്സുമെത്തുന്നത്. ആ രീതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിശബ്ദ വിപ്ലവം.
റെനെ സന്ദേശ് ജിങ്കനെപ്പറ്റി പറഞ്ഞ ആരോപണങ്ങളെപ്പറ്റി എന്താണ് പറയാനുള്ളത്?
ഞാൻ വിശ്വസിക്കില്ല. അടിസ്ഥാനരഹിതമായ ഒരു ആരോപണമാണതെന്ന്‌ ഞാൻ പറയും. മദ്യപിക്കുന്നവർക്ക് ഗ്രൗണ്ടിലിറങ്ങി 90 മിനിറ്റൊന്നും കളിയ്ക്കാൻ കഴിയില്ല. നേരത്തെ ടീം തോറ്റു കൊണ്ടിരുന്ന സമയത്ത് കളിക്കാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് അവർ അനുഭവിക്കുന്ന മാനസിക സമ്മർദത്തെപ്പറ്റി. ഫോണെടുത്താൽ ട്രോളുകൾ, കുറ്റപ്പെടുത്തലുകൾ. നമ്മൾ കളിക്കാരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കണം. റെനെ പറഞ്ഞത് പോലെയുള്ള മദ്യപാനിയാണ് ജിങ്കനെങ്കിൽ അയാൾക്ക് ഇങ്ങനെ കളിക്കാൻ കഴിയില്ല. ഗ്രൗണ്ടിലുള്ള അയാളുടെ സമർപ്പണം ശ്രദ്ധിച്ചാൽ തന്നെ അതറിയാൻ കഴിയുമല്ലോ. ഒരിക്കലും എനിക്ക് ആ ആരോപണത്തെ അംഗീകരിക്കാൻ കഴിയില്ല. അതായത്, നിങ്ങൾ ഒരു പ്രസ്ഥാനത്തിന് പുറത്തു പോയിട്ട് പ്രസ്ഥാനത്തെപ്പറ്റി കുറ്റം പറഞ്ഞാൽ ലോകം പുച്ഛിച്ചു തള്ളും. അയാൾ പറയുന്ന കുറ്റം ജിങ്കനുണ്ടായിരുന്നുവെങ്കിൽ എന്ത് കൊണ്ട് റെനെ അത് തിരുത്തിയില്ല?
അഭിമുഖം അവസാനിക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന ഷൈജു ദാമോദരന്റെ ഇമേജിന് ഏറെ വലിപ്പം വെച്ചിരുന്നു. ബ്ളാസ്റ്റേഴ്‌സിനെ അന്ധമായി സ്നേഹിക്കുന്ന, ഫുട്‍ബോളിനെ അകമഴിഞ്ഞ് പിന്തുടരുന്ന ഈ മനുഷ്യനല്ലാതെ മറ്റാർക്കാണ് നമുക്ക് കളി പറഞ്ഞു തരാൻ യോഗ്യതയുള്ളത്! Story by Basith Bin BushraShaiju DamodaranISLKerala BlastersInterviewShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *