ബിജെപിയും സിപിഐഎമ്മും സുപ്രധാന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനിയും പ്രഖ്യാപിക്കപ്പെട്ടില്ല. രമേശ് ചെന്നിത്തല ബിജെപിക്ക് അനുകൂലമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും എന്നതാണ് അഭ്യൂഹം

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ആര്‍എസ്എസ് പാളയത്തില്‍ എത്തുമെന്ന് സംശയിക്കപ്പെടുന്ന രമേശ് ചെന്നിത്തലയില്‍ യുഡിഎഫിന്റെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല വന്നതിന്റെ ആഹ്ലാദത്തിലാണ് ബിജെപി പാളയം. ബിജെപിക്ക് ജയിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സ്ഥാനാര്‍ത്ഥിയെ ചെന്നിത്തല നിര്‍ത്തിത്തന്നോളും എന്ന പ്രതീക്ഷ ചെങ്ങന്നൂരില്‍ സിപിഐഎമ്മും എന്‍എസ്എസും തമ്മിലാകും മത്സരം എന്ന ഉറപ്പ് വര്‍ധിപ്പിക്കുന്നു. ഓര്‍ത്തഡോക്സ് സഭ, തങ്ങളുടെ സഭാംഗമല്ലാത്ത സിപിഐഎം സ്ഥാനാര്‍ത്ഥി തോല്‍ക്കാനുള്ള പണിയെടുക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തായിരിക്കില്ല. രണ്ടു തവണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി തോറ്റത് സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രതീക്ഷയിലും ഇടിവു വരുത്തിയിട്ടുണ്ട്.

 

സിപിഐഎം അവരുടെ ജില്ലാ സെക്രട്ടറിയെ സ്ഥാനാര്‍ത്ഥിയാക്കി ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാതെ കോണ്‍ഗ്രസ് പയറ്റുന്നത് ജയിക്കാനുള്ള തന്ത്രമല്ലെന്ന് അവരുടെ ക്യാംപില്‍ അഭിപ്രായമുണ്ട്. പി സി വിഷ്ണുനാഥാണ് യഥാര്‍ത്ഥ പോരാളി. നിലവില്‍ സിപിഐഎം എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. എംഎല്‍എ നിര്യാതനായതിന്റെ സഹതാപ തരംഗവും മണ്ഡലത്തില്‍ ഇല്ല. ബിജെപിയാവട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2000 വോട്ടിനു മാത്രം കോണ്‍ഗ്രസിനു പിന്നിലായ പി എസ് ശ്രീധരന്‍ പിള്ളയെ ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയുമാക്കി. അദ്ദേഹം ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. നായര്‍ വോട്ടുകളെ ഏകീകരിക്കാനാണ് ഇപ്പോള്‍ ശ്രമം. സഭാ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീധരന്‍ പിള്ള.കഴിഞ്ഞ തവണ മോദി അധികാരത്തില്‍ വന്നതിന്റെ ഭീതി ഓര്‍ത്തഡോക്സ് വിഭാഗത്തെ അലോസരപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിനോട് അടുത്ത ബന്ധം പുലര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന വിഭാഗമാണിത്. ഒപ്പം കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ശ്രീധരന്‍ പിള്ളയുടെ ജയം ഉറപ്പിച്ച് ബിജെപിയോട് അടുക്കാന്‍ സാധ്യതയേറെയാണ്. ത്രിപുരയില്‍ സംഭവിച്ചതു പോലെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് എത്തിക്കണമെന്ന തന്ത്രത്തിന്റെ ആവിഷകാരം കൂടിയാണ് സംഘപരിവാര്‍ ചെങ്ങന്നൂരില്‍ പയറ്റാനൊരുങ്ങുന്നത്. സ്വാഭാവികമായും കേരളം പിടിക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന്റെ പരീക്ഷണശാലയാകും ചെങ്ങന്നൂര്‍.

 

ചെങ്ങന്നൂരില്‍ ജയിക്കണം എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാനമല്ല. അതവരുടെ സിറ്റിങ് സീറ്റല്ല. ഓര്‍ത്തഡോക്സ് സഭയ്ക്ക് അപ്രമാധിത്യമുള്ള മണ്ഡലത്തിലെ പരാജയം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞു കുത്തുകയും ചെയ്യും. ചെന്നിത്തലയുടെ തന്ത്രമാണ് ചെങ്ങന്നൂരില്‍ ബിജെപിയാണോ സിപിഐഎമ്മാണോ ജയിക്കേണ്ടത് എന്നു തീരുമാനിക്കുന്നത്. സജി ചെറിയാനോട് ആത്മബന്ധം പുലര്‍ത്തുന്നയാളാണ് ചെന്നിത്തല. ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലം സിപിഐക്ക് വിട്ടുകൊടുത്തതില്‍ പോലും ചെന്നിത്തലയ്ക്ക് പരാജയ ഭീഷണി കുറയ്ക്കാനാണെന്ന സംസാരമുണ്ട്. ഇതിന് ചുക്കാന്‍ പിടിച്ചയാളാണ് സജി ചെറിയാനെന്നത് അത്ര രഹസ്യവുമല്ല. എന്നിരിക്കെ, ചെന്നിത്തല ആര്‍എസ്എസിനെ സഹായിക്കാനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നും ചില കോണുകള്‍ സംശയിക്കുന്നു.ചെന്നിത്തല സജി ചെറിയാനോട് പുലര്‍ത്തുന്ന ബന്ധത്തെക്കാളും ആഴത്തില്‍ ആര്‍എസ്എസിനോട് ബന്ധം പുലര്‍ത്തുന്നു എന്നതിനാണ് പ്രാധാന്യം കൂടുതല്‍. സിപിഐഎമ്മും ബിജെപിയും നേരിട്ടു മത്സരിക്കുന്ന കളമാണ് ആര്‍എസ്എസിനു വേണ്ടത്. വിഷ്ണുനാഥൊഴികെ ആരു മത്സരിച്ചാലും ഇത് സാധ്യവുമാണെന്നാണ് കോണ്‍ഗ്രസിലെ യുവാക്കള്‍ പറയുന്നത്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ വേരു ചീയല്‍ പൂര്‍ത്തിയാകും. Story by

Leave a Reply

Your email address will not be published. Required fields are marked *