Wednesday, February 20, 2019 | Beta Version
 
 

പ്രീയപ്പെട്ട ഡോക്ടര്‍,

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണു ഞാന്‍. ഹസ്ബന്‍റ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്, ഇപ്പൊ അമേരിക്കയില്‍ ഓണ്‍-സൈറ്റ്. കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി ഹപ്പിയായിരുന്നു ജീവിതം. എന്നാല്‍ ചേട്ടന്‍ അമേരിക്കയിലെത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. ഇപ്പോള്‍ വെക്കേഷന് ഞാനും മക്കളും ഇവിടെയുണ്ട്. ഒരു മാസമായി വന്നിട്ട്, അടുത്തയാഴ്ച തിരിച്ചു പോണം. ചേട്ടനെ ഈ നിലയില്‍ ഇവിടെ ഇട്ടിട്ടു പോകുവാന്‍ എനിക്കാവുന്നില്ല. ഈ കത്തിന് ഒരു മറുപടി ഡോക്ടര്‍ എത്രയും പെട്ടെന്ന് അയക്കണം. (വാരികയില്‍ കൊടുക്കണ്ട)

ഈയിടെയായി ചേട്ടന് എന്നോട് ഒരു സ്നേഹോം ഇല്ല. പെരുമാറ്റത്തിലും നല്ല വെത്യാസമുണ്ട്. ഇവിടെയെന്തോക്കെയോ ചുറ്റിക്കളികള്‍ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, വെറുതെ സംശയം പറയുകയല്ല, ഇവിടെ വന്ന് കണ്ടുകഴിഞ്ഞപ്പോള്‍ മൊത്തത്തില്‍ എനിക്ക് മനസിലായത് അതാണ്‌. എന്നോട് ഇപ്പൊ പഴയത് പോലെ അധികം ഒന്നും മിണ്ടാറില്ല. പിണക്കം ഒന്നും അല്ല, ഏതു നേരം നോക്കിയാലും ആ ലാപ്ടോപും എടുത്തു വച്ച് പണിയാ. വല്ല പെമ്പിള്ളേരോടും ചാറ്റ് ചെയ്യുവാരിക്കും എന്ന് കരുതി ചെന്ന് നോക്കുമ്പോ ബീന്‍സെന്നോഎക്ലിപ്സെന്നോ ഒക്കെ പറയുന്ന കേട്ട്. അല്ല ഈ കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നവര്‍ക്ക് പച്ചക്കറീം സൂര്യഗ്രഹണവും ഒക്കെയായിട്ട് എന്താ ബന്ധം?.

നാട്ടില്‍ ചേട്ടന്‍റെ അനിയന്‍റെ കല്യാണം കഴിഞ്ഞു. കണക്ക് പ്രകാരം വീട് അനിയനാണ്. വേറൊരു വീടുവച്ചു മാറാന്‍ ആരും പറഞ്ഞിട്ടില്ലെങ്കിലും ചില സൂചനകളൊക്കെ തന്ന് തുടങ്ങിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ചേട്ടന്‍ കമ്പനീലെ മാനേജരുടെ കയ്യും കാലും പിടിച്ച് ഈ ഓണ്‍-സൈറ്റ് ഒപ്പിച്ചെടുത്തത്. ഗള്‍ഫ്‌കാരന്‍റെ ഭാര്യയെ പോലെ നല്ല പ്രായം മൊത്തം വേസ്റ്റാക്കി നാട്ടുകാരുടെ കുത്തുവാക്കും തുറിച്ചുനോട്ടം സഹിച്ച് കാത്തിരിക്കേണ്ടി വരില്ലല്ലോ, ഏറിയാല്‍ ഒന്നോ രണ്ടോ വര്‍ഷം അല്ലേ ഉള്ളൂ, വന്ന് നല്ലൊരു വീട് വെച്ചാല്‍ ഇവിടെ അമ്മേടെ സ്നേഹത്തീന്നു രക്ഷപെടാല്ലോ, പിന്നെ വെക്കേഷന് കൊണ്ട്പോകാം ടിക്കറ്റ്‌ കമ്പനി തരും എന്നൊക്കെ കേട്ടപ്പോള്‍ പോയ്‌ വരട്ടെ എന്ന് ഞാനും കരുതി. അവിടെച്ചെന്ന് ആദ്യമൊക്കെ ഒരുപാട് വിളിക്കുമായിരുന്നു. എന്തോ വോയിപ്പാണ് ഫ്രീയാണ് എന്നൊക്കെ അന്ന് പറഞ്ഞെങ്കിലും വിളി പിന്നെ ചടങ്ങ് പോലെ ആഴ്ച്ചേലൊരിക്കലായി. നീയില്ലാതെ ഇവിടെ ഒരു രസോം ഇല്ലെന്ന് പറഞ്ഞ കക്ഷിയാണ്. ചോദിച്ചപ്പോ പറയുവാ ഇപ്പൊ ഓണ്‍-സൈറ്റ് എന്നൊക്കെ പറഞ്ഞാ പണ്ടത്തെപോലെ ഒരുപാട് കാശൊന്നും കിട്ടില്ല, കമ്പനി ഏതാണ്ട് എ.റ്റി.എം പോലെന്തോ കാര്‍ഡ്‌ കൊടുക്കും, അതീന്നേ ചെലവാക്കാന്‍ പറ്റൂ. ടാക്സിക്കാരുടെ കയ്യീന്ന് കള്ളരെസീത് ഒക്കെ ഒപ്പിച്ചാ എന്തെങ്കിലും മിച്ചം പിടിക്കുന്നത്‌, സൈഡ് ആയിട്ട് എന്തേലും ചെയ്താലേ രക്ഷയുള്ളൂ എന്നൊക്കെ. നാട്ടില്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്നരുടെ കൂടെ ഫ്രീലാന്‍സ്‌ തുടങ്ങി, ഇപ്പൊ ഒരുപാട് വര്‍ക്ക്‌ ഉണ്ട്, അതാ വിളിക്കാന്‍ ടൈം ഇല്ലാത്തത് എന്നൊക്കെയാണ് എന്നോട് പറഞ്ഞിരുന്നത്. അതിനെടെയക്ക്‌ ബ്ലോഗെന്നോ സൈറ്റെന്നോ അങ്ങനെയേതാണ്ട് തൊടങ്ങീന്നും പറഞ്ഞാരുന്നു.

ഞാന്‍ ഇവിടെ വന്ന് കഴിഞ്ഞപ്പോഴാ കാര്യങ്ങളൊക്കെ മനസിലാവുന്നത്. ഒന്നീ കമ്പ്യൂട്ടറിന്‍റെ മുന്നീ അല്ലേ ഫോണില്‍. എന്നോടും മക്കളോടും ഒന്നും സംസാരിക്കാന്‍ തന്നെ ചേട്ടന് ടൈമില്ല. മണിക്കൂറ് കണക്കിനാ ഫോണ്‍ ചെയ്യുന്നത്. ആര്‍ക്കും മനസിലാവാത്ത കൊറേ വാക്കുകളൊക്കെയാ ഫോണീക്കൂടെ പറയുന്നത്. ഞാനാണെങ്കി എം.എ ഇംഗ്ലീഷ് ലിട്രേച്ചറാ, ഷേക്സ്പിയര്‍ പോലും ഇങ്ങനുള്ള വാക്കുകളൊന്നും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടില്ല. സാധാരണ നിങ്ങള്‍ ഡോക്റ്റേഴ്സ് ആണ് ഇങ്ങനുള്ള വാക്കുകളൊക്കെ പറയാറ്. പിന്നെ ബയോളജി പുസ്തകത്തിലും കണ്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ വിളിക്കുന്നത്‌ വല്ല നെഴ്സുമ്മാരേം ആരിക്കും. ഒരു പെണ്ണിനോട് ബയോളജി പറയുവാന്നൊക്കെ പറഞ്ഞാ..ഈശ്വരാ, എന്താ അതിന്‍റെയൊക്കെ അര്‍ഥം.

ഓഫീസീന്ന് വന്നാ ഒടനെ ഫോണെടുത്ത് ആരോടോ കമിറ്റ്‌ ചെയ്യാന്‍ പറയും. ഞാന്‍ എന്‍റെ ലൈഫ് ചേട്ടന് വേണ്ടി കമിറ്റ്‌ ച്യ്തതാണല്ലോ, പിന്നരോടാ കമിറ്റ്‌ ചെയ്യാന്‍ പറയുന്നത്. ഞാന്‍ ഒരിക്കല്‍ എന്താ ഇപ്പൊ പറഞ്ഞെന്നു ചോദിച്ചു, അപ്പൊ പറയുവാ ആള് കമിറ്റ്‌ ചെയ്താ മാത്രേ എനിക്കെന്തെലും ചെയ്യാന്‍ പറ്റൂന്ന്. എന്ത് ചെയ്യുന്ന കാര്യമാണ് ഈ പറയുന്നത്. എന്നിട്ട് ചോദിക്കുവാ എസ്.വി.എന്‍, വേര്‍ഷന്‍ കണ്ട്രോള്‍ എന്നൊക്കെ കേട്ടാ നിനക്ക് വല്ലോം മനസിലാകുവോന്ന്. ഞാന്‍ ഒന്നും മനസിലാവാത്ത പൊട്ടിപ്പെണ്ണാണെന്നാ ചേട്ടന്‍റെ വിചാരം. മോള് ഉണ്ടായിക്കഴിഞ്ഞു ഒരുദിവസം ചേട്ടന്‍ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അടുത്ത വേര്‍ഷന്‍ ഇനി രണ്ട് കൊല്ലം കഴിഞ്ഞു മതീന്ന്. അപ്പൊ വേര്‍ഷന്‍ കണ്ട്രോളിംഗ് എന്ന് പറഞ്ഞാ എന്താ അര്‍ഥം, അപ്പൊ അത്രത്തോളമൊക്കെയായി കാര്യങ്ങള്‍. അല്ലേലും ഈ ടെക്കികള്‍ക്ക് ഭയങ്കര ബുദ്ധിയാ, എന്ത് ചെയ്താലും സ്വന്തം കാര്യം സേഫാക്കാന്‍ അറിയാം. ഈ എസ്.വി.എന്‍ ന്ന് പറഞ്ഞത് ഏതെങ്കിലും പെണ്ണിന്‍റെ ചുരുക്കപ്പേരാരിക്കും. എന്‍റെ സ്കൂളിലൊക്കെ പല മാഷുംമാരേം ഞങ്ങള് ചുരുക്കപ്പേരാ വിളിക്കുന്നത്‌.

അതിനിടയ്ക്ക് ഞാന്‍ കേട്ടൊരു വാക്ക്, എന്താ ‘ഡിപ്പെന്‍റന്സി ഇന്‍ജെക്ഷന്‍‘. ഈ ഡിപ്പെന്‍റന്സി ഉണ്ടാക്കുന്ന ഇന്‍ജെക്ഷന്‍ ന്നു പറഞ്ഞാ മയക്കുമരുന്നെന്തോ അല്ലേ?. അപ്പം അതും തൊടങ്ങി. കള്ളുകുടിക്കില്ല ബീഡിവലിക്കില്ല എന്നൊക്കെയാണ് കല്യാണത്തിന്‍റെ സമയത്ത് പറഞ്ഞിരുന്നത്. ഞാന്‍ അതെന്താന്ന് ചോദിച്ചപ്പോ പറയുവാ അത് ജാവേലുള്ളതാണെന്ന്. പണ്ട് ചേട്ടന്‍ ഹൈദരാബാദ് ആയിരുന്നപ്പോ കുറച്ചു ദിവസം ഞാനും അവിടെ പോയി നിന്നാരുന്നു. അന്ന് ഞായറാഴ്ച്ചയൊക്കെ മറ്റേ കടലമാവീ മുക്കി വറുത്ത ചിക്കനൊക്കെ കഴിക്കാന്‍ പോവാരുന്നു. ഒരിക്കലവിടെ ഹൈദരാബാദ് സെന്‍ട്രലില്‍ ജാവാന്ന് പേരുള്ള കടേല്‍ കാപ്പി കുടിക്കാന്‍ കേറി. ഒരു കാപ്പിക്ക് 45 രൂപ!!. അന്നേ എനിക്ക് തോന്നീതാ ഇവിടെ ശെരിക്കും ചായക്കച്ചോടം ഒന്നുമല്ല നടക്കുന്നതെന്ന്. ഇങ്ങനുള്ള വല്യ ഷോപ്പിംഗ്‌ മാളിലോക്കെ മയക്കുമരുന്ന് വിക്കുവോ? ഇനി വെലകൂടിയ മരുന്നായത്കൊണ്ടാണോ ഇവിടെയൊക്കെ വിക്കുന്നത്? അല്ലേലും ഇങ്ങനെയുള്ള വല്യ വല്യ ആള്‍ക്കാരേയൊന്നും പോലീസ് പിടിക്കില്ലല്ലോ.

അതൊന്നും പോരാഞ്ഞിട്ട്, ആ കടേല്‍ വന്നിരുന്ന ഒരു ചെറുക്കനും പെണ്ണും കാണിച്ചു കൂട്ടുന്നതൊക്കെ കണ്ടിട്ട് എന്‍റെ തൊലിയുരിഞ്ഞുപോയി. അന്നേരം ചേട്ടന്‍ ചോദിക്കുവാ ഇവിടെ മൊത്തം സ്നേഹമുള്ള ആള്‍ക്കാരാണ് ന്ന് ഞാന്‍ പറഞ്ഞപ്പോ നീ ഇത്രേം പ്രതീക്ഷിച്ചില്ല ല്ലേ ന്ന്. അവര്‍ക്കൊന്നും ഇതൊന്നും വല്യ കാര്യമല്ലല്ലോ. അന്യനാട്ടില്‍ ഇങ്ങനെ തോന്ന്യാസം നടന്നിട്ട് ചെക്കന്‍മ്മാരോക്കെ വന്ന് എന്നേപ്പോലെ പാവംപിടിച്ച ഏതേലും സ്കൂള്‍ ടീച്ചറെ കെട്ടും. വല്യ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാ, നല്ല കാശാ, രണ്ട് വര്‍ഷം കൊണ്ട് ചെറുക്കന്‍ 50 സെന്‍റ് സ്ഥലം വാങ്ങീ, നല്ല കുടുംബോം ചുറ്റുപാടും എന്നൊക്കെപ്പറഞ്ഞാ അച്ഛനീ കല്യാണത്തിന് സമ്മതിപ്പിച്ചത്. എനിക്ക് നാട്ടില്‍ ജോലിയുള്ള ഒരാളെ മതീന്നാര്ന്ന്. എന്നിട്ടിപ്പോ എന്തായി. അല്ലേലും നാട്ടില്‍ ഇത്തിരി അലമ്പോക്കെ കാണിച്ച് നടക്കുന്ന ചെറുക്കന്‍മ്മാര് തന്നെയാ നല്ലത്. കല്യാണം കഴിയുമ്പോ നന്നായിക്കോളും, അല്ലെങ്കി കുടുംബത്തിലെ കാരണവന്‍മാര്‍ക്കെങ്കിലും നിയന്ത്രിക്കാം. ഇതതൊന്നുമല്ലല്ലോ റേഞ്ച്.

നാട്ടീ വീട് വയ്ക്കണം ന്ന് പറഞ്ഞ് പോയാള്‍ക്ക് ഇപ്പൊ അവിടെ സെറ്റിലായാ മതീത്രെ. അവിടെയുള്ള കമ്പനീലൊക്കെ ജോലിക്ക് ട്രൈ ചെയ്യുവാ ഇപ്പൊ. ഇന്റര്‍വ്യൂ ആണെന്ന് പറഞ്ഞ് ഒരുദിവസം ലീവെടുത്തു വീട്ടിലിരുന്നു. എന്നിട്ട് മുറിയടചിട്ടിരുന്നു ആരോടോ ഭയങ്കര സംസാരം ഫോണില്‍. ഞാന്‍ പുറത്ത് നിന്ന് കൊറച്ചൊക്കെ കേട്ട്. ഏതോ റൂബിന്ന് പേരുള്ള ഒരു മദാമ്മേ ഒരുപാട് ഇഷ്ടമാണെന്നോ അവളോട്‌ കൊച്ചുവര്‍ത്താനം പറയാറുണ്ട്‌ ന്നൊക്കെ പറയുന്ന്. ഞാനെന്‍റെ ഈ ചെവികൊണ്ടു കേട്ടതാ. അപ്പൊ ഇന്റര്‍വ്യൂ ആണന്നൊക്കെ എന്നോട് കള്ളം പറഞ്ഞതല്ലേ?.

അതൊന്നും പോരാഞ്ഞിട്ട്, കഴിഞ്ഞ ഏഴെട്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും എന്നോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ലാത്ത ആള് എന്നേ ഒരുപാട് വഴക്ക് പറഞ്ഞു. കൊച്ചു പിള്ളേര് ആളെ വരയ്ക്കുംപോലെ പൂജ്യം കൊണ്ട് തലേം പിന്നെ ഓരോ വരകൊണ്ട് കയ്യും കാലും ഒക്കെ വരച്ച കുറേ പേപ്പര്‍ ഇവിടെ ഡൈനിങ്ങ്‌ ടേബിളില്‍ കിടക്കുന്നുണ്ടാരുന്നു. മോള് കുതിവരച്ചതാരിക്കും ന്ന് കരുതി ഞാന്‍ അതെടുത്ത് വേസ്റ്റില്‍ കളഞ്ഞു. അതെന്തോ വലിയകേസാരുന്നൂന്നോ വര്‍ക്കാരുന്നൂന്നോ ഒക്കെ പറഞ്ഞ് എന്നേ ഒരുപാട് ഒക്കെ പറഞ്ഞ്. അല്ലേലും ഇഷ്ടല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം ന്നാണല്ലോ.

എന്നാലും ഇപ്പൊ പോകാറായപ്പോ ചേട്ടന്‍ എന്നോടും മക്കളോടും ഒക്കെ ഒരുപാട് സ്നേഹം കാണിക്കുന്നു. അഭിനയമാണോ എന്നെനിക്ക് സംശയമുണ്ട്‌. എന്നാലും ഇന്നലെ രാത്രീ ഞാന്‍ ഇവിടെ ഡ്രോയിംഗ് റൂമിലെ സോഫേല് ഒരു മൂലയ്ക്കിരുന്ന് റ്റ.വി കാണുവാരുന്നു. ലാപ്ടോപ്പും എടുത്തു വന്ന് എന്‍റെ മടീ തലവെച്ച് കേടന്നോണ്ട് പിന്നേം പണിതന്നെ. എന്തായിത് ന്ന് ചോദിച്ചപ്പോ പറയുവാ എനിക്കെന്‍റെ വര്‍ക്ക് ലൈഫും പേഴ്സണല്‍ ലൈഫും ബാലന്‍സ് ചെയ്യണംന്നാഗ്രഹമുണ്ടെന്ന്. ഇതൊക്കെ അഭിനയമാരിക്കുമോ ഡോക്ടര്‍?. ഡോക്ടര്‍ ഇത് സ്വന്തം മോളുടെ പ്രശ്നമായി കരുതി ഒരു മറുപടി അയക്കണം, പെട്ടെന്ന്. നാട്ടില്‍ ചെന്നിട്ട് ഞാന്‍ എന്തെങ്കിലും കള്ളം പറഞ്ഞ് ചേട്ടനെ നാട്ടിലേക്ക് വരുത്താം. എന്നിട്ട് ഡോക്ടറുടെ അടുത്ത് കൊണ്ടുവരാം. ഡോക്ടര്‍ ഒന്ന് ഉപദേശിക്കണം. ഒരു കുടുംബം തകരുന്ന പ്രശ്നമാണ്.

പ്രതീക്ഷയോടെ,
കമലം.

Labels : Funny

Rating: 1.0/10 (1 vote cast)

Report Abuse

GAGS!! Art of Appraisal!

The Art of Appraisal Big Boss: This year your performance was good, excellent and outstanding. So, your rating is "average". UMA: What? How come 'average'? Big Boss: Because...err...uhh...you lack domain knowledge. UMA: But last year you said I am a domain expert and you put me...

Read more »
 

ആദ്യരാത്രി:::::Must read please

  ആദ്യരാത്രി-- ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത്...

Read more »
 

Disclaimer :From time to time this website may also include links to other websites. We have no responsibility for the contents and the linked website(s) in emailfall.com